രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കുന്നതിനായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു
കൊച്ചി: ഡോക്ടര്‍മാരെയും എന്ജിനീയര്മാരെയും അഭിഭാഷകരെയും ബിസിനസുകാരെയുമൊക്കെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്ഥാപനമില്ലെന്ന കുറവു പരിഹരിക്കാന്‍ കേരളം മുന്നോട്ടുവരുന്നു. അമേരിക്കയിലെ ഐ.ടി സംരംഭകനായ പ്രവാസി മലയാളി വിന്‍സണ്‍ എക്സ്. പാലത്തിങ്കലാണ് മികച്ച രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമാക്കി ഇന്ത്യയില്‍ ഇതാദ്യമായി ഇത്തരമൊരു സംരംഭത്തിനു തുടക്കമിടുന്നത്. അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്കല്‍ മാനേജ്മെന്റ് എന്ന സ്ഥാപനമാണ് വിന്‍സണ്‍ തുടങ്ങാനുദ്ദേശിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പൊതുജീവിതവുമായി എല്ലാ തരത്തിലും ബന്ധപ്പെട്ടുകിടക്കുന്നതാണ് രാഷ്ട്രീയവും സര്ക്കാരുമെങ്കിലും. അഭ്യസ്തവിദ്യരായ ഭൂരിപക്ഷം ഇടത്തരക്കാര്‍ക്കും രാഷ്ട്രീയപ്രവര്ത്തനത്തോടു പുച്ഛമാണെന്ന് വിന്‍സണ്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കുട്ടികള്‍ രാഷ്ട്രീയത്തിലേയ്ക്കു വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമില്ല. രാജ്യത്തിനു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിന് ഈ വൈരുദ്ധ്യം നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി എമര്‍ജിങ് കേരളയില്‍ എത്തുന്നത്.
വാഷിംഗ്ടണില്‍ അമരം ടെക്നോളജി കോര്‍പ്, ആംസ്കോ ഗ്ലോബല്‍ എല്‍.എല്‍.സി എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളുടെ മേധാവിയാണ് വിന്‍സണ്‍. രാഷ്ട്രീയത്തില്‍ ബിരുദകോഴ്സുകളും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നതായിരിക്കും നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റിയൂട്ട്. നാലു ബിരുദാനന്തര കോഴ്സുകളും ആറ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ടായിരിക്കും. പൊളിറ്റിക്കല്‍ മാനേജ്മെന്റ്, ലെജിസ്ലേറ്റിവ് അഫയേഴ്സ്, സ്ട്രാറ്റജറ്റിക് പബ്ലിക് റിലേഷന്‍സ്, കൊയലിഷന്‍ മാനേജ്മെന്റ് എന്നിവയിലായിരിക്കും ബിരുദാനന്തര കോഴ്സുകള്‍. കാമ്പയിന് സ്ട്രാറ്റജി, കമ്യൂണിറ്റി അഡ്വക്കസി, ഓണ്‍ലൈന്‍ പൊളിറ്റിക്സ്, പബ്ലിക് റിലേഷന്‍സ്, സിവില്‍ സര്‍വീസസ് മാനേജ്മെന്റ്, പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി മാനേജ്മെന്റ് തുടങ്ങിയവയാണ് ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍.
ഐ.ഐ.ടികളും ഐ.ഐ.എമ്മുകളുമായി കിടപിടിക്കുന്ന തരത്തില്‍ വാഷിംഗ്ടണിലെ ജി.എസ്.പി.എമ്മിന്റെ മാതൃകയിലായിരിക്കും ഇതു നടപ്പാക്കുകയെന്ന് വിന്‍സണ്‍ അറിയിച്ചു. കാലക്രമത്തില്‍ ഇന്ത്യയിലെയും പുറത്തെയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി വികസിപ്പിക്കുകയും പല തലങ്ങളിലായി വികേന്ദ്രീകരിക്കുകയും ചെയ്യും. ഒന്നര വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് വാഷിംഗ്ടണില്‍ പഠിക്കാന്‍ അവസരം നല്‍കും. രാജ്യത്തിനു പുറത്തുള്ള ഭാവി നേതാക്കളുമായി ഇടപഴകാനും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ടാക്കാനും ഇതു സഹായിക്കും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Source: http://www.mathrubhumi.com